ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്; ആദ്യ അഞ്ചുദിവസം സൗജന്യ ചികിത്സ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ കുട്ടികൾക്കായി ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വർഷം 15 കോടി രൂപ ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബഡ്‌ജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കുട്ടികളെയും മുതിർന്നവരെയും ബഡ്‌ജറ്റിൽ ഒരുപോലെ പരിഗണിക്കുമെന്ന് ഇന്ന് രാവിലെയും ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. ഈ പദ്ധതിക്കായി 15 കോടി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു.

ഇതിനായി 50 കോടി രൂപ വകയിരുത്തി.കൂടാതെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. ആഗോള സ്‌കൂൾ സ്ഥാപിക്കാൻ 10 കോടി രൂപ പ്രഖ്യാപിച്ചു. പ്രീ പ്രൈമറി അദ്ധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി. സ്‌കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ കൂട്ടി. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും കൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *