കേരള കൗമുദി മുൻലേഖകനും പഞ്ചായത്ത് മെമ്പറുമായ യുവാവിനെയും അമ്മയെയും വീടിനോട് ചേർന്ന ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കേരള കൗമുദി മുൻലേഖകനും പഞ്ചായത്ത് മെമ്പറുമായ യുവാവിനെയും അമ്മയെയും വീടിനോട് ചേർന്ന ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്തംഗങ്ങൾക്ക് ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ അയച്ചുകൊടുത്തതിനുശേഷമാണ് അരുൺ മരിച്ചത്.

തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് കുറിപ്പിൽ പറയുന്നത്. സജി മണിലാൽ എന്ന വ്യക്തിയാണ് വ്യാജമോഷണക്കേസ് നൽകിയതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ കേസുകൾ കാരണം തനിക്ക് ജോലികൾ ചെയ്യാൻ കഴിയുന്നില്ല, പാസ്‌പോർട്ട് എടുക്കാൻ കഴിയുന്നില്ല, ഭാര്യയുടെയും കുട്ടിയുടെയും ജീവിതം ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ആത്മഹത്യ ചെയ്യുകയാണെന്നാണ് അരുണിന്റെ കുറിപ്പിലുളളത്. പഞ്ചായത്ത് അംഗത്തിന്റെ ലറ്റർ ഹെഡിലാണ് കത്തെഴുതിയത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. വ്യാജക്കേസിൽ കുടുക്കിയതിൽ അരുൺ മനോവിഷമത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഭാര്യ റീമ, മകൻ തേജസ്, നിലയ്ക്കാമുക്ക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *