കെപിസിസി പുനഃസംഘടന ചർച്ചകളിൽ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തി

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന ചര്‍ച്ചകളില്‍ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തി. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം അധ്യക്ഷന്മാരെ മാറ്റരുതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനും ആവശ്യപ്പെട്ടു.

കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പുനഃസംഘടന ചര്‍ച്ചകളില്‍ അതൃപ്തിയുള്ള കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നു. അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ഒമ്പത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.

തൃശൂര്‍, എറണാകുളം അധ്യക്ഷന്മാര്‍ക്ക് മാറ്റം ഉണ്ടാകില്ല. അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജംബോ കമ്മിറ്റി എന്ന സൂചനകളാണ് രമേശ് ചെന്നിത്തല നല്‍കിയത്. കെ സി വേണുഗോപാലുമായി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ അന്തിമ പട്ടികയാകും. നാളെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നേതാക്കളുടെ കൂടിക്കാഴ്ച. ദീപാ ദാസ് മുന്‍ഷിയും കെപിസിസി അധ്യക്ഷനുമാണ് കൂടിക്കാഴ്ച നടത്തുക. ജ്യോതികുമാര്‍ ചാമക്കാല കെപിസിസി ട്രഷററാകുമെന്ന് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *