വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ റീൽസ് എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. എറണാകുളം കോലഞ്ചേരി സ്വദേശികളായ ജിസ്മോൻ (20), കിരൺ (29) എന്നിവരെയാണ് ആലുവ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്നും വന്ന തീവണ്ടിയിലാണ് ഇരുവരും ചേർന്ന് റീൽസ് ചിത്രീകരിച്ചത്. പല തരത്തിൽ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ ആയിരുന്നു റീൽസ് ചിത്രീകരണം നടത്തിയത്. ഇവരുടെ റീൽസ് ചിത്രികരണത്തിൽ ബുദ്ധിമുട്ടിയ യാത്ര‍ക്കാരിൽ ചിലർ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ വർധിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടായിരുന്നു റീൽസ് ചിത്രീകരണം നടത്തിയത്. സംഭവം വൈറലായതോടെ റെയിൽവേ പൊലീസ് കേസെടുത്തു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികളെ പിടികൂടി ബോധവത്കരിച്ച് വിട്ടയ്ക്കുന്ന വീഡിയോ ആർപിഎഫും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിനിലോ റെയിൽവേ പരിസരത്തോ മുൻകൂർ അനുമതിയില്ലാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ റീൽസ് ചിത്രീകരിച്ചാൽ പിടിവീഴുമെന്നും ആർപിഎഫ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *