ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വര്‍ണം ചെമ്പാക്കാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയായ പത്മകുമാര്‍ കൂട്ട്‌നിന്നു. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോര്‍ഡിന്റെ മിനിട്‌സ് രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
ശങ്കര്‍ ദാസ് ഉള്‍പ്പടെയുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. കാരണം ബോധപൂര്‍വമായിട്ടാണ് ഇവരെല്ലാവരും തന്നെ മിനിട്‌സില്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പത്മകുമാറിന്റെ ബിനാമിയായി പോറ്റി പ്രവര്‍ത്തിച്ചിരുന്നു എന്ന സംശയമാണ് എസ്‌ഐടിയ്ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും സംഘത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകള്‍ കൂടി നിലവില്‍ എസ്‌ഐടിയുടെ പക്കലുണ്ട്.
പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍ തന്നെ അനിവാര്യമാണെന്നും അറസ്റ്റ് ഉണ്ടായാല്‍ അത് കൂടുതല്‍ പേരിലേക്ക് കൂടി അന്വേഷണം കടക്കുമെന്നുമാണ് എസ്‌ഐടിയുടെ നിരീക്ഷണം. ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഇതുവരെ എ പത്മകുമാര്‍ ഹാജരായിട്ടില്ല. സമയപരിധി പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്വേഷണസംഘം പുതിയ നോട്ടീസ് നല്‍കും.ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനാണ് നീക്കം.



