എ പത്മകുമാർ പാർട്ടിയിൽ നിന്ന് പുറത്തേക്ക്? ശബരിമല സ്വർണക്കൊള്ളക്കേസിൽ വിശദീകരണം തേടി സിപിഎം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്​റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മി​റ്റിയംഗവുമായ എ പത്മകുമാറിനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം ലഭിച്ചശേഷം നടപടിക്ക് സാദ്ധ്യയുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പത്മകുമാർ അറിയേണ്ടെന്ന പാർട്ടി നിലപാടിന്റെ ഭാഗമായാണ് ഒഴിവാക്കിയതെന്നാണ് വിവരം. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റുചെയ്ത് ജയിലിലായിട്ടും പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണ്.

പിന്നാലെയാണ് പുതിയ നീക്കം. അടുത്തിടെയാണ് കേസിൽ ജാമ്യം ലഭിച്ച് പത്മകുമാർ ജയിൽ നിന്ന് പുറത്തിറങ്ങിയത്.ശബരിമല സ്വർണകൊള്ളക്കേസിൽ 2025 നവംബർ 20നാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. കേസിൽ റിമാൻഡിൽ കഴിയവേ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പകേസിലും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യഹർജി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *