വിജയിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി; എടപ്പാടിയിൽ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

മിഴ് രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകളുമായി എത്തിയ സൂപ്പർതാരം വിജയിന്റെ ‘തമിഴക വെട്രി കഴകം’ (ടിവികെ) പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് വിജയിന്റെ പാർട്ടി ഇപ്പോൾ.

നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാർട്ടി സമർപ്പിച്ച പകരക്കാരനായ സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തന്നെ തള്ളി.

പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാതായത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അരുൺകുമാറിനെ എതിരാളികൾ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വന്തം തട്ടകമായ എടപ്പാടിയിൽ നിന്ന് ആറാം തവണയും ജനവിധി തേടുന്ന എടപ്പാടി പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി. കാശിയുടെയും പത്രികകൾ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്റെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പുറത്തുവരും. അരുൺകുമാറിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *