പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അർദ്ധനഗ്നയായ യുവതി, വൈറൽ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു

ജയ്പൂർ : പിങ്ക് ചായമടി്ച്ച ആനപ്പുറത്ത് അർദ്ധ നഗ്നയായ മോഡൽ ഇരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധാരാളം പേർ ചിത്രങ്ങളെ അഭിനന്ദിച്ചിരുന്നെങ്കിലും ആനയുടെ ശരീരത്തിൽ പെയിന്റിടിച്ചതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇതെന്നാരോപിച്ചാണ് മൃഗസ്നേഹികൾ അടക്കമുള്ളവർ രംഗത്ത് വന്നത്. റഷ്യൻ ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവയാണ് ചിത്രങ്ങൾ പകർത്തിയത്.
ഇപ്പോഴിതാ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ചഞ്ചൽ എന്ന 65 വയസുള്ള പിടിയാന കഴിഞ്ഞ മാസം ചരിഞ്ഞ വിവരങ്ങളുമായി ചേർത്ത് വീണ്ടും ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഫോട്ടോഷൂട്ടും ആന ചരിഞ്ഞതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുന്നത്. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്നാണ് വിശദീകരണം.
പിങ്ക് നിറം നൽകിയ സംഭവം പുറത്തുവന്നതോടെ മൃഗ സംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഫോട്ടോ ഷൂട്ട് വെറും 10 മിനിട്ട് മാത്രമാണ് നീണ്ടുനിന്നതെന്നും ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന അപകടമൊന്നും ഇല്ലാത്ത ഗുലാൽ പൊടിയാണ് ഉപയോഗിച്ചതെന്നും ആനയുടെ ഉടമയായ സാദിഖ് ഖാൻ പിന്നീട് വിശദീകരിച്ചിരുന്നു. അത് ഉടൻ തന്നെ കഴുകിക്കളഞ്ഞെന്നും ആനയുടെ ഒരു വശത്ത് മാത്രമാണ് നിറം പൂശിയതെന്നും അദ്ദേഗം വ്യക്തമാക്കുകയും ചെയ്തു.



