പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞു, ഇനി 985 സ്ഥാനാർഥികൾ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയുന്നു. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്. സംസ്ഥാനത്താകെ 1254 പേരാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. ഇവിടെ 16 സ്ഥാനാ‌ർഥികൾ ജനവിധി തേടുന്നുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ നാളെക്കകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും. പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയും. 2021 ൽ സംസ്ഥാനത്ത് 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *