ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് നടപടി. ഐബി ഉദ്യോഗസ്ഥയുടെമേൽ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് മുന്നിലുള്ള തെളിവുകൾ പ്രതിക്ക് എതിരാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയമം, ഐബി ഉദ്യോഗസ്ഥയുമായുള്ള പ്രതിയുടെ ചാറ്റുകൾ പൊലീസിന്റെ പക്കൽ നിന്ന് ചോർന്നതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ പക്കൽ നിന്ന് ചോർന്നതായി തന്നെ കരുതേണ്ടി വരുമെന്നാണ് സിംഗിൾ ബെഞ്ച് പ്രതികരിച്ചത്. എങ്ങനെ ചാറ്റുകൾ ചോർന്നു എന്നതിൽ അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് പ്രതി സുകാന്താണെന്ന് തെളിയിക്കുന്ന ടെലഗ്രാം ചാറ്റ് പൊലീസ് കഴിഞ്ഞദിവസം വീണ്ടെടുത്തിരുന്നു.

നീ എപ്പോൾ മരിക്കുമെന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിനെന്നായിരുന്നു യുവതിയുടെ മറുപടി. ഫെബ്രുവരി ഒമ്പതിനാണ് ചാറ്റ് നടന്നത്. അതിനുശേഷം ചാറ്റ് നടന്നിട്ടില്ല.പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ തുടർന്ന് പൊലീസ് ഹൈക്കോടതിയിൽ കഴിഞ്ഞമാസം സമർപ്പിച്ച സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്ടിലാണ് ഞെട്ടിപ്പിക്കുന്ന ചാറ്റിന്റെ വിവരങ്ങളുള്ളത്. സുകാന്തിന്റെ മലപ്പുറത്തെ ബന്ധുവിൽ നിന്ന് ലഭിച്ച ഐ ഫോണിലെ ചാറ്റുകളാണിത്. ഓഗസ്റ്റ് ഒമ്പത് ഇരുവർക്കും മാത്രം അറിയാവുന്ന എന്തെങ്കിലും പ്രത്യേകതയുള്ള ദിവസമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. മുൻപ് ചാറ്റുകൾ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം സൗഹൃദമുണ്ടായിരുന്നപ്പോഴുള്ളതാണ്. ചാറ്റ് സുകാന്ത് ഡീലീറ്റ് ചെയ്തെങ്കിലും ആപ്പ് മാറ്റിയിരുന്നില്ല. ഇതിൽനിന്നാണ് പൊലീസ് ചാറ്റ് വീണ്ടെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *