പി എം ശ്രീ പദ്ധതി: കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണം; കേരളം സുപ്രീം കോടതിയിലേക്ക്

പി എം ശ്രീ പദ്ധതിയില്‍ കേരളം സുപ്രീംകോടതിയിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിഷയത്തില്‍ തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട വിവിധ ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞ സാഹചര്യത്തിലാണ് കേരളം നിയമ പോരാട്ടത്തിലേക്ക് കടന്നത്.

പി എം ശ്രീ പദ്ധതി വഴി സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണ് കേന്ദ്ര ലക്ഷ്യമെന്ന് നേരത്തെ തന്നെ കേരളം വ്യക്തമാക്കിയിരുന്നു. അതെതുടര്‍ന്ന് പദ്ധതിയില്‍ ഒപ്പുവയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗവും തീരുമാനിച്ചു.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേരളവും തമിഴ്‌നാടും നിലപാടെടുത്തിരുന്നു. ഇതെതുടര്‍ന്നാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്. 2291 കോടി രൂപ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്.

തമിഴ്‌നാടുമായി ആശയവിനിമയം നടത്തിയാണ് കേരളവും നിയമപോരാട്ടത്തിന് തീരുമാനിച്ചത്. വിവിധ വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ തുക കേന്ദ്രം തടഞ്ഞുവച്ചുവെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്.

പദ്ധതിയിലെ നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് കേരളം കേന്ദ്രവുമായി ആശയവിനിമയം നടത്തിയത്. എന്നാല്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഫണ്ടുകള്‍ തടയുമെന്ന തീരുമാനം മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ തീരുമാനം.

AlsoRead:‘ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *