സംസ്ഥാനത്ത്  കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം, ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്‌ദ്ധരുടെ വിലയിരുത്തൽ.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മേയ് രണ്ടാം ആഴ്‌ച 69 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164പേർ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്.തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് കണക്കുകൾ. യുപിയിൽ ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന് തെളിവാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. കേരളത്തിൽ 273 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ കോട്ടയത്താണ് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് ജില്ലാ കണക്കുകൾ. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുൻകരുതൽ നിർദ്ദേശം.

കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും അതിനാൽ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പ്രായമായവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Also Read:ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; സംഘത്തില്‍ 9 പേര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *