ഞാൻ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കിൽ ഗസലും പാടിയേനെ; സംഘ്പരിവാറിന് നിങ്ങൾ അത് ചെയ്താൽ മതിയെന്ന ദാർഷ്ട്യം: വേടൻ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്ന് വേടന്‍ പറഞ്ഞു. താന്‍ റാപ്പ് പാടും. പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേ. ക്ലാസിക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കില്‍ അതും പാടുമായിരുന്നുവെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

റാപ്പും പട്ടികജാതിക്കാരുമായി യാതൊരു പുലബന്ധവുമില്ലെന്നാണ് കെ പി ശശികല പറഞ്ഞത്. ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് വേടന്‍ പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് താന്‍. തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും വേടന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും വേടന്‍ പ്രതികരിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ പരിപാടിക്കാണ് താന്‍ പോയത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. വേടന്‍ ഒരു സ്വതന്ത്ര കലാകാരനാണെന്നാണ് താന്‍ എപ്പോഴും പറയുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കില്‍ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നത്. അതേസമയം തന്നെ എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ കടമയാണ്. അതാണ് താന്‍ നിര്‍വഹിച്ചതെന്നും വേടന്‍ പറഞ്ഞു.

തന്നെ കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താന്‍ ആരാണെന്ന് അറിയാം. അതുകൊണ്ടുതന്നെ ഭയമില്ല. ജനങ്ങള്‍ നല്‍കുന്ന പണംകൊണ്ടാണ് താന്‍ ജീവിക്കുന്നത്. വേടന്‍ വിദേശഫണ്ട് സ്വീകരിക്കുന്നു എന്നതടക്കം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ രേഖയില്‍ ഇല്ലാത്ത ഒരു രൂപ പോലും തന്റെ കൈവശമില്ലെന്നും വേടന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *