സണ്ണി ജോസഫിന്റെ കീഴിൽ സംസ്ഥാന കോൺഗ്രസിൽ പുതിയ ടീമിനെ സജ്ജമാക്കാനുള്ള നടപടികളിലേക്കു കെപിസിസി

തിരുവനന്തപുരം∙ സണ്ണി ജോസഫിന്റെ കീഴിൽ സംസ്ഥാന കോൺഗ്രസിൽ പുതിയ ടീമിനെ സജ്ജമാക്കാനുള്ള നടപടികളിലേക്കു കെപിസിസി കടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ ആരംഭിക്കും. ഡിസിസി, കെപിസിസി തലങ്ങളിൽ സമഗ്ര അഴിച്ചുപണിയാണു ലക്ഷ്യം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പുനഃസംഘടന നീളരുതെന്നാണു ഹൈക്കമാൻഡിന്റെ നിർദേശം. കോൺഗ്രസിന്റെ തലമുറമാറ്റത്തിനു കൂടി വഴിയൊരുക്കി യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റുമാരിൽ പി.സി.വിഷ്ണുനാഥിനെയും ഷാഫി പറമ്പിലിനെയും ഉൾപ്പെടുത്തി തുടക്കമിട്ട തലമുറമാറ്റം താഴെത്തട്ടിലേക്കും നീളും.
കഴിഞ്ഞ ഫെബ്രുഒന്നുവരിയിൽ തൃശൂർ ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട ജോസഫ് ടാജറ്റ് ഴികെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാൻ ആലോചിച്ചിരു. ഒഴിവാക്കപ്പെടുന്ന ഡിസിസി പ്രസിഡന്റുമാരെ കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കും.2021 ഒക്ടോബറിൽ കെ.സുധാകരനു കീഴിൽ നടത്തിയതു പോലെ കെപിസിസി പുനഃസംഘടന 2 ഘട്ടമായി നടത്തുന്നതാണു പരിഗണനയിൽ. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, നിർവാഹക സമിതിയംഗങ്ങൾ എന്നിവരുടെ പുനഃസംഘടന ആദ്യ ഘട്ടത്തിൽ നടത്തും. സെക്രട്ടറിമാരെ അടുത്ത ഘട്ടത്തിൽ തീരുമാനിക്കും.
കഴിഞ്ഞ തവണ മുതലാണ് ജംബോ കെപിസിസി പട്ടികയെന്ന പതിവിൽ കോൺഗ്രസ് മാറ്റം വരുത്തിയത്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 42ൽ നിന്നു വെട്ടിച്ചുരുക്കി 23 ആക്കി. 12 വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നതിനെ നാലാക്കി കുറച്ചു. ഇക്കുറിയും ഈ രീതി തുടരുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എൻ.ശക്തൻ, വി.ടി.ബൽറാം, വി.പി.സജീന്ദ്രൻ, വി.ജെ.പൗലോസ് എന്നിവരാണു നിലവിലെ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാരിൽ കെ.കെ.ഏബ്രഹാം അഴിമതിക്കേസിൽ കുടുങ്ങിയതിനു പിന്നാലെ രാജിവച്ചിരുന്നു. പ്രതാപവർമ തമ്പാൻ അന്തരിച്ചു. ഈ ഒഴിവുകളിലൊന്നിൽ നിലവിലെ സംഘടനാകാര്യ ജനറൽ സെക്രട്ടറി എം.ലിജുവിനെ നിയമിച്ചിരുന്നു.