ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കളവുപോയ സ്വർണം തിരിച്ചുകിട്ടി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്രത്തിനുള്ളിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ക്ഷേത്രഭരണസമിതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ ദണ്ഡാണ് മോഷണം പോയത്. ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയായിരുന്നു. ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് വ്യക്തമാക്കിയിരുന്നു.

ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിന് മുന്നിൽ ശിരസ്, ഉടൽ, പാദം എന്നിവ തൊഴാൻ മൂന്നു വാതിലുകളാണുള്ളത്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയ സ്വർണത്തകിട് മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വർണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വർണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വർണത്തകിട് വിളക്കിച്ചേർക്കാനുള്ള കാഡ്മിയം ചേർന്നതാണ് കാണാതായ സ്വർണദണ്ഡ്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികൾ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുൾപ്പെടെ ക്ഷേത്രപരിസരം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *