പാകിസ്താന്‍ സിന്ദാബാദെന്ന് വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം;മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി

0

പാകിസ്താന്‍ സിന്ദാബാദെന്ന് വിളിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് സ്വദേശിയാണ്ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. മംഗളുരു പൊലീസ് പുല്‍പള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് കൊല്ലപ്പെട്ടയാള്‍.

പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ചാണ് ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ച് മലയാളിയെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ചെറിയ മാനസിക ബുദ്ധിമുട്ടുകളുള്ളയാളാണ് കൊല്ലപ്പെട്ടയാള്‍. ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ ഇതുവരെ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. 33 വയസുള്ള പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് അറിയിച്ചു.

പൊലീസ് സജീവമായി തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നിയമത്തിന്റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. മകുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

തുടരും ട്രെൻഡിൽ മന്ത്രി പി എ മുഹമ്മദ് റിയാസും; സിനിമയിലെ പൊതുമരാമത്ത് റോഡ് പങ്കുവെച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here