വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേര്‍സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയില്‍ എത്തിച്ചു. മാര്‍പാപ്പയെ അവസാനമായി കാണാന്‍ വഴികള്‍ക്കിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
ലക്ഷക്കണക്കിന് പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.