ബീജിംഗ്: വ്യാപാര യുദ്ധത്തില്‍ പോര് മുറുകുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ശനിയാഴ്ച്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുളള വര്‍ധന.
ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യുയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അമേരിക്കയുടെ പുതിയ താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ചൈന തീരുമാനിച്ചതായാണ് വിവരം. അമേരിക്കയുടെ ഏകപക്ഷീയമായ നയങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ തീരുവ ഉയര്‍ത്തിക്കൊണ്ടുളള നീക്കം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 145 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്.
ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്; ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും