മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യദിനം മൂന്ന് കോടിയിലേറെ കളക്ഷൻ നേടി ബസൂക്ക പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയുടെ പുതിയൊരു ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൂളിംഗ് ഗ്ലാസ് വച്ച, ഷർട്ടും ജീൻസും ധരിച്ച് സ്മാർട്ട് ആൻഡ് കൂൾ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്. ഒറ്റ നോട്ടത്തിൽ ബിഗ് ബി എന്ന ചിത്രത്തിലെ ബിലാൽ എന്ന ക്യാരക്ടർ ലുക്ക് തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. അതേ രീതിയിലാണ് ഹെയർ സൈറ്റൽ എന്നതാണ് ഇതിന് കാരണം. എന്തായാലും അടുത്തിടെ അധികം മമ്മൂട്ടി ഫോട്ടോകൾ പുറത്തുവരാത്തതിനാൽ ഈ ഫോട്ടോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.
ഏപ്രില്‍ പത്തിന് ആയിരുന്നു ബസൂക്ക റിലീസ് ചെയ്തത്. ഗെയിം ത്രില്ലർ ജോണറിലെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോന്‍, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
അതേസമയം, മഹേഷ് നാരായണന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന ഒരു മമ്മൂട്ടി പടം. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‘കളംകാവൽ’ എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിനായകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. നവാഗതനായ ജിതിൻ കെ ജോസ് ആണ് പടം സംവിധാനം ചെയ്യുന്നത്.