ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് മർദ്ദിച്ചതിൽ നിയമ നടപടിക്ക് ഒരുങ്ങി വൈദികർ. പാക്കിസ്ഥാനികൾ ആണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷാ പോലീസ് അതിക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞമാസം 22ന് നടന്ന സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്. അതേസമയം ജബൽപൂരിൽ പോലീസ് നിൽക്കെ വി എച്ച് പി പ്രവർത്തകർ വൈദികരെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധം ശക്തമാവുകയാണ്.
ബർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളിയിലായിരുന്നു പോലീസിന്‍റെ അക്രമം. നിങ്ങൾ പാകിസ്ഥാനികളാണെന്നും, ക്രിസ്തുമത പരിവർത്തനത്തിന് എത്തിയതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മർദ്ദനം.
പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയ ഇടവക വികാരി ഫാ.ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് ഒഡീഷയിലും സമാന സംഭവമുണ്ടായത്. ജബല്പൂരിലെ ആക്രമണം പാർലമെന്‍റിൽ പോലും ചർച്ചയായിരുന്നു. ജബൽപൂരിലും പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഘപരിവാർ വൈദികരെ മർദ്ദിച്ചത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്.