റീ എഡിറ്റ് എമ്പുരാൻ വെെകും; ഇന്നും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയില്ല

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തിയില്ല. സാങ്കേതിക കാരണങ്ങളാലാണ് പുതിയ പതിപ്പ് വെെകുന്നതെന്നാണ് വിവരം. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിനെത്തും. വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ മൂന്ന് മിനിട്ടുള്ള ഭാഗങ്ങളാണ് നീക്കിയത്. അവധി ദിവസമായിട്ടും ഇന്നലെ സെൻസർ ബോർഡ് പ്രത്യേകം യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

എമ്പുരാൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചതോടെ മോഹൻലാൽ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. മോഹൻലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.

ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരക്കഥാകൃത്ത് മുരളിഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും ഇതുവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.സിനിമ വിവാദമായതിനെക്കുറിച്ചോ മോഹൻലാലിന്റെ സാമൂഹികമാദ്ധ്യമക്കുറിപ്പ് പങ്കുവയ്‌ക്കുന്നതിനെക്കുറിച്ചോ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. മറ്റ് കാര്യങ്ങളിലും അദ്ദേഹം പ്രതികരണം നടത്തിയില്ല. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണം ഉയർന്നിട്ടും മുരളിഗോപി പ്രതികരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *