‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് ഒരു തമിഴ് മാദ്ധ്യമത്തിന് മോഹൻലാലും പൃഥ്വിരാജും നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് മോഹൻലാൽ നൽകുന്നത്.
തമിഴ്നാട്ടിലെ ഭക്ഷണമാണോ കേരളത്തിലെ ഭക്ഷണമാണോ ഇഷ്ടമെന്ന ചോദ്യത്തിന് കേരളത്തിലെ ഭക്ഷണമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്നാൽ എല്ലാ ഭക്ഷണവും ഇഷ്ടമാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. തമിഴിലെ ഫേവറേറ്റ് ആക്ടർ അല്ലെങ്കിൽ ആക്‌ട്രസ് എന്ന ചോദ്യത്തിന് കുസൃതിച്ചിരിയോടെ ആക്‌ട്രസ് എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുകയാണ്. എല്ലാ നല്ല താരങ്ങളെയും തനിക്ക് ഇഷ്ടമാണെന്നും അതിൽ ആൺ, പെൺ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് ഇഷ്ടപ്പെട്ട തമിഴ് സിനിമയെന്നും മോഹൻലാൽ പറയുന്നു. ഇത് റാപ്പിഡ് റൗണ്ട് അല്ലേ, കുറച്ചുകഴിഞ്ഞ് ചോദിക്കുമ്പോൾ ചിലപ്പോൾ വേറെയായിരിക്കും പറയുകയെന്നും ഇപ്പോൾ മനസിൽ വരുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ് സിനിമയിൽ എല്ലാവരും നല്ല ഫ്രണ്ട്സാണെന്നും എന്നാൽ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ ആരുമില്ലെന്നും മോഹൻലാൽ പറഞ്ഞു. സൂര്യയും ജ്യോതികയും സുഹൃത്തുക്കളാണെന്ന് പൃഥ്വിരാജ് പറയുന്നു. ഫേവറേറ്റ് ഹോബിയെന്താണെന്ന് ചോദിക്കുമ്പോൾ സിനിമയെന്നാണ് പൃഥ്വിയുടെ മറുപടി. ഇതുപോലത്തെ അഭിമുഖങ്ങളാണ് തനിക്ക് ഇഷ്ടമെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിനെക്കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് ‘ഷാരൂഖ് ഖാൻ പാവം അദ്ദേഹം ഒരു സീനിൽ അഭിനയിച്ചു, അത് കട്ട് ചെയ്തു’വെന്ന് പറഞ്ഞ് മോഹൻലാൽ ചിരിക്കുകയാണ്. ഡിലീറ്റഡ് സീൻ റിലീസ് ചെയ്യുമെന്നും അതിലുണ്ടാകുമെന്നും പൃഥ്വിരാജ് ചിരിച്ചുകൊണ്ട് പറയുന്നു.