തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാര്‍ മോഷ്ടിച്ചു

0

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രീക്രീയ കഴിഞ്ഞ ശേഷം പരിശോധനക്കായി ശേഖരിച്ച ശരീര സാമ്പികളുകള്‍ സൂക്ഷിക്കുന്നതില്‍ വന്‍ വീഴ്ച. രോഗ നിര്‍ണ്ണയത്തിനായി വിവിധ ലാബുകളിലേക്ക് എത്തിക്കേണ്ട ശരീരഭാഗങ്ങള്‍ മോഷണം പോയി. ലാബുകളിലേക്ക് ശരീരഭാഗം എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ് സംഭവത്തിന് കാരണം.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിലേക്ക് അയച്ച ശരീര ഭാഗങ്ങള്‍ പടിക്കെട്ടിന് സമീപം വച്ച ശേഷം ജീവനക്കാരന്‍ മറ്റിടങ്ങളിലേക്ക് പോവുകയായിരുന്നു. തിരികെ വന്നപ്പോള്‍ സാമ്പിളും അവയുടെ രജിസ്റ്ററും കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതിനിടെ ഇവിടെ സ്ഥിരമായി കറങ്ങി നടക്കുന്ന ആക്രിക്കാരനെ കുറിച്ച് ജീവനക്കാര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണത്തില്‍ ഇയാളെ മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നു തന്നെ പിടികൂടി. ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നാണ് ഇയാളുടെ മൊഴി. തുറന്നപ്പോള്‍ ശരീര ഭാഗങ്ങളാണെന്ന് മനസിലായപ്പോള്‍ പ്രിന്‍സിപ്പല്‍ ഓഫിസിനു സമീപം മാലിന്യം നിക്ഷേപിക്കുന്നിടത്ത് ഉപേക്ഷിച്ചു എന്നും മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീര സാമ്പിളുകള്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here