മുംബയ്: 2025 സീസൺ ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. മാർച്ച് 22നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങുക. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിന് പക്ഷെ ഇത്തവണ ഐപിഎൽ തുടക്കം അത്ര മികച്ചതാവില്ല. അവരുടെ സ്റ്റാർ ബൗളർ ബുംറ ഇത്തവണ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല.
ജനുവരി മാസത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ സംഭവിച്ച പരിക്ക് ഭേദമാകാത്തതാണ് ബുംറയ്ക്ക് വിനയാകുന്നത്. ഇത്തവണ ആദ്യ മത്സരങ്ങൾ ബുംറ കളിക്കില്ലെന്നാണ് വിവരം. ഒരു സ്പോർട്സ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏപ്രിൽ ആദ്യം മാത്രമേ ബുംറ ടീമിനൊപ്പം ചേരൂ.
ഇതിന് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതി നേടണം.മാർച്ച് 23ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും, 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയും 31ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും എതിരായാണ് മുംബയുടെ ഈ മാസമുള്ള മത്സരങ്ങൾ. പരിക്ക് ഭേദമായാൽ ഏപ്രിൽ നാലിന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ ബുംറയെത്തും.കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ കുറഞ്ഞ ഓവർനിരക്കിന് പിഴയായി അടുത്ത മത്സരം നഷ്ടമാകും എന്നതിനാൽ ഇത്തവണ മുംബയുടെ ചെന്നൈ സൂപ്പർകിംഗ്സുമായുള്ള ആദ്യ മത്സരം ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് നഷ്ടമാകും.