യുറോപ്പിൽ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്

0

വാഷിങ്ടൺ: യുറോപ്പിൽ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള മദ്യത്തിന് അധിക തീരുവ ചുമത്തുമെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തിരിച്ചടി. 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഇക്കാാര്യം അറിയിച്ചത്. യുറോപ്യൻ യൂണിയനിൽ നിന്നുള്ള മദ്യം ഉൾപ്പടെയുള്ളവക്ക് 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അധിക തീരുവ ഏർപ്പെടുത്തിയ നടപടി യുറോപ്യൻ യൂണിയൻ പിൻവലിച്ചില്ലെങ്കിൽ യുറോപ്പിൽ നിന്നുള്ള ഷാംപെയ്ൻ, വൈൻ തുടങ്ങിയ മദ്യങ്ങൾക്ക് അധിക തീരുവ ചുമത്തും. ഇത് യു.എസിലെ വൈൻ ഷാംപെയ്ൻ വ്യവസായത്തിന് ഗുണകരമാവുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം കാനഡക്കും മെക്സിക്കോക്കും പിന്നാലെ ഇന്ത്യക്കും അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്. ഏപ്രിൽ രണ്ട് മുതൽ യു.എസ്​ അധിക തീരുവ ചുമത്തുമെന്നാണ് റിപ്പോർട്ട്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. കഴിഞ്ഞ കുറേ വർഷങ്ങളായി മറ്റ് രാജ്യങ്ങൾ ഞങ്ങൾക്കുമേൽ തീരുവ ചുമത്തുകയായിരുന്നു. ഇനി ഞങ്ങളുടെ ഊഴമാണ്. യുറോപ്യൻ യൂണിയൻ, ചൈന ബ്രസീൽ, ഇന്ത്യ, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. 100 ശതമാനം തീരുവയാണ് ഇന്ത്യ യു.എസിന് മേൽ ചുമത്തുന്നത്. ഇത് അന്യായമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ ഞങ്ങൾക്കുമേൽ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവർക്കുമേലും ചുമത്തും. ഞങ്ങളെ മാർക്കറ്റിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാൽ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here