അക്രമിച്ചത് കടുവയെന്ന് സൂചന
ഊട്ടി: വന്യമൃഗത്തിന്റെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പൊമ്മൻ സ്വദേശി ഗോപാലന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഊട്ടിക്ക് സമീപം മൈനല അരക്കാട് തേയില തോട്ടത്തിൽ ജോലിക്ക് പോയ അഞ്ജലയെ ബുധനാഴ്ച രാത്രി മുതലാണ് കാണാതായത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് അഞ്ജലയുടെ മൃതദേഹം കണ്ടെത്തുന്നത്. തോട്ടത്തിൽ നിന്ന് 20മീറ്ററോളം വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ ഉണ്ട്. കടുവയുടെ ആക്രമണമാണെന്ന് പ്രാഥമിക നിഗമനമെങ്കിലും വനംവകുപ്പിന്റെ കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരുത്താനാകൂ. വന്യമൃഗത്തെ കണ്ടെത്താൻ വനംവകുപ്പ് 10 ക്യാമറകളും കൂടും സ്ഥാപിക്കും. മുൻകരുതൽ എന്ന നിലക്ക് ഞായറാഴ്ച വരെ തോട്ടത്തിൽ തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.