ഇടക്കാലത്തിന് ശേഷം പാര്‍ട്ടിയില്‍ തലപൊക്കി തുടങ്ങിയ വിഭാഗീയതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സിപിഐഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ വിഭാഗീയത റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വിഭാഗീയത പരിഹരിക്കാന്‍ നടത്തിയ ഇടപെടലുകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
തങ്ങളുടെ കൈപ്പിടിയില്‍ സംഘടനയെ ഒതുക്കുവാനുള്ള നടപടികളാണ് കരുനാഗപ്പള്ളിയില്‍ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ഏരിയാ കമ്മിറ്റിയില്‍ പങ്കെടുത്ത് യോജിപ്പിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടും മാറ്റമുണ്ടായില്ലെന്നും റിപ്പോര്‍ട്ട്. ലോക്കല്‍ കമ്മിറ്റികളില്‍ തെറ്റായ രീതി രൂക്ഷമായെന്നും ഈ സാഹചര്യത്തില്‍ കരുനാ?ഗപ്പള്ളി ഏരിയാ സമ്മേളനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാ?ഗപ്പള്ളിയില്‍ വിഭാഗീയത പരിഹരിക്കാന്‍ നടത്തിയ ഇടപെടലുകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയെടുത്ത തീരുമാനത്തോടൊപ്പം പാര്‍ട്ടി സഖാക്കള്‍ ഉറച്ച് നില്‍ക്കുമെന്നതിന്റെ ഉദാഹരണമെന്ന നിലയില്‍ കരുനാ?ഗപ്പള്ളി ഏരിയയ്ക്ക് കീഴില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ മികച്ച മുന്നേറ്റവും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യവും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പിന്നീട് ശരിയായ ഇടപെടല്‍ നടത്തി ഇവിടുത്തെ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തെറ്റായ പ്രവണതകള്‍ക്ക് പാര്‍ട്ടി ഒരു കാരണവശാലും കീഴടങ്ങില്ലെന്ന സന്ദേശവും ഇത്തരം നടപടികളിലൂടെ പാര്‍ട്ടിയിലും ബഹുജനങ്ങള്‍ക്കിടയിലും നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പാര്‍ട്ടിക്ക് പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നില്‍ അണിനിരത്താന്‍ ശ്രമം. സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ചില സമ്മേളനങ്ങളില്‍ പ്രദേശികമായി പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള ഈ പരാതികളെല്ലാം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ട്.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ച് ജില്ലയില്‍ വന്ന പരാതികള്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ജില്ലകളിലെ പരാതികളെല്ലാം സംസ്ഥാന സെന്ററിലെ ഒരുകൂട്ടം സഖാക്കള്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്തുകൊണ്ട് പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കും. വേണ്ടിവന്നാല്‍ സംസ്ഥാന സെന്ററില്‍ നിന്നുള്ള സഖാക്കള്‍ പങ്കെടുത്ത് കൊണ്ട് മെറിറ്റും മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനമെടുക്കും. വേണ്ടി വന്നാല്‍ തെറ്റായി ഒഴിവാക്കപ്പെട്ടവരുടെയും വിഭാഗീയമായ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
[…] വിഭാഗീയതയില്‍ ഭയന്ന് സിപിഎം, സംഘടനാറ… […]