മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം; ഖാർഗെയുടെ യോഗത്തിൽ ഡിഎംകെയും എഎപിയും പങ്കെടുത്തേക്കും

ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. നവംബർ 28 ശനിയാഴ്ച ഖാർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്ററി കക്ഷിനേതാക്കൾ പങ്കെടുക്കും. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ (ബിജെഡി) തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇവർ നിലവിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലെന്നതും ശ്രദ്ധേയമാണ്. അടുത്തയാഴ്ച ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 30-ന് ലോക്സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും. ഡിസംബർ മൂന്നിന് സമ്മേളനം അവസാനിക്കും
തമിഴ്നാടിന്റെ നിലവിലെ ലോക്സഭാ സീറ്റ് വിഹിതം ഒരു കാരണവശാലും കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രത്യേക പാർലമെന്റ് സമ്മേളനം വനിതാ സംവരണവുമായി ബന്ധപ്പെട്ടതല്ലെന്നും മണ്ഡല പുനർനിർണയത്തിനായുള്ളതാണെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി. ഇന്ത്യാ മുന്നണിക്ക് പുറത്തുള്ള പ്രതിപക്ഷ പാർട്ടികൾ ഖാർഗെയുടെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാകും.



