‘മുഖ്യമന്ത്രി മിടുമിടുക്കൻ, സതീശനെ വിമർശിച്ചത് ശരിയായില്ല’; നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശനുമായി അന്നും ഇന്നും പിണക്കമില്ലെന്നും വിഷയാധിഷ്ഠിതമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആരും തന്റെ വീട്ടിലേക്ക് വരുന്നത് നിഷേധിച്ചിട്ടില്ലെന്നും, വി.ഡി. സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണിച്ചുകുളങ്ങരയിൽ കയറിപ്പോകരുതെന്ന് പറഞ്ഞത് എൻ.എസ്.എസ് ആണെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻ.എസ്.എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണ്. മുഖ്യമന്ത്രിയായ ശേഷം സതീശൻ തന്നെയോ, താൻ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശന് വട്ടാണെന്നും ഊളമ്പാറയിൽ ചികിത്സിക്കണമെന്നും പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണെന്നും ഇന്ന് ആ നിലപാട് തനിക്കില്ലെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നുവെന്നും കുറച്ചുകൂടി പക്വത വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സതീശന് ഭ്രാന്താണെന്ന് പറയാൻ എനിക്ക് ഭ്രാന്താണോ? എന്ന് ചോദിച്ച വെള്ളാപ്പള്ളി, പണ്ട് പലതും പറഞ്ഞിട്ടുണ്ടാകാമെന്നും അതെല്ലാം വിഷയാധിഷ്ഠിതമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

പിണറായി വിജയൻ നിലപാടുള്ള നേതാവാണെന്നും അതിന്റെ ഗുണവും ദോഷവും അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുടെ കാറിൽ കയറിയതിൽ ഒരു തെറ്റുമില്ല. എൽ.ഡി.എഫ് തോറ്റതിന് തന്നെ പഴിച്ചിട്ട് കാര്യമില്ലെന്നും, തോറ്റുകഴിഞ്ഞപ്പോൾ തന്നെ വിമർശിച്ചതിൽ ‘ഊക്ക് പോരാ’ എന്നാണ് ചിലർ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണ് പി. ജയരാജനെന്നും അദ്ദേഹം തന്നെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിയാക്കണമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. തന്നെ പ്രതിചേർക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും, പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ തമ്മിലടി സ്വാഭാവികമാണെന്നും യു.ഡി.എഫിൽ ചക്കളത്തിപ്പോര് പതിവാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എൽ.ഡി.എഫിലും ജയരാജന്മാർ തമ്മിൽ പോരാണല്ലോ എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് ആരോടും പ്രത്യേകിച്ച് ‘സോഫ്റ്റ് കോർണർ’ ഇല്ല. അതേസമയം, തിരുപ്പറങ്കുൻട്രത്ത് ദീപം തെളിയിക്കാത്ത വിജയ് സർക്കാരിന്റെ നടപടി നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹൈന്ദവരോടുമുള്ള ചതിയുമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button