യൂട്യൂബിൽ വീഡിയോ നീക്കലിൽ ഇന്ത്യ ഒന്നാമത്; മൂന്ന് മാസത്തിനിടെ നീക്കം ചെയ്തത് 34.4 ലക്ഷം വീഡിയോകൾ!

2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് അപ്ലോഡ് ചെയ്ത 34.4 ലക്ഷം വീഡിയോകൾ യുട്യൂബ് നീക്കം ചെയ്തു. ലോകത്താകെ നീക്കം ചെയ്ത 1.1 കോടി വീഡിയോകളുടെ ഏകദേശം 31 ശതമാനമാണിത്. മുൻപാദത്തേക്കാൾ 28 ശതമാനം വർധനയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.
12.4 ലക്ഷം വീഡിയോകളുമായി അമേരിക്ക രണ്ടാമതും 9.2 ലക്ഷം വീഡിയോകളുമായി ഇൻഡൊനീഷ്യ മൂന്നാമതുമാണ്. ആഗോളതലത്തിൽ നീക്കം ചെയ്ത വീഡിയോകളിൽ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും, 98.6 ശതമാനം വീഡിയോകളും ആദ്യം കണ്ടെത്തിയത് യുട്യൂബിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിലെ സർക്കാർ ഏജൻസികളിൽ നിന്നും കോടതികളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് ലഭിച്ച അപേക്ഷകളിൽ 61 ശതമാനം വർധനയുണ്ടായി. ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട് പ്രകാരം ലഭിച്ച 4,006 അപേക്ഷകളിൽ 3,399 എണ്ണവും യുട്യൂബുമായി ബന്ധപ്പെട്ടതായിരുന്നു.
വിവിധ സേവനങ്ങളിലായി 65,091 ഉള്ളടക്കങ്ങൾ നീക്കാനായിരുന്നു ആവശ്യം. അപേക്ഷകളുടെ എണ്ണത്തിൽ റഷ്യയ്ക്കും ദക്ഷിണകൊറിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതിൽ 2,870 അപേക്ഷകൾ (ഏകദേശം 72 ശതമാനം) പൊലീസിൽ നിന്നും 695 എണ്ണം കോടതികളിൽ നിന്നുമാണ് ലഭിച്ചത്, 2,130 അപേക്ഷകളിൽ അപകീർത്തിപ്പെടുത്തലാണ് കാരണമായി ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിന് 19,883 ഉള്ളടക്കങ്ങളും ഗൂഗിൾ നയങ്ങൾ ലംഘിച്ചതിന് 1,415 ഉള്ളടക്കങ്ങളും നീക്കം ചെയ്തു. അതേസമയം, 19,402 ഉള്ളടക്കങ്ങളിൽ നടപടിയെടുത്തില്ലെന്നും മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ 17,473 ഉള്ളടക്കങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.



