ബാർ ഹോട്ടലിൽ മുറി നിഷേധിച്ചതിന് ക്രൂരാക്രമണം; മാനേജരെ വടിവാൾ കൊണ്ട് വെട്ടി, സംഭവം കൊല്ലത്ത്

കൊല്ലം: ബാർ ഹോട്ടലിലെ മാനേജരെ വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച് മൂന്നംഗ സംഘം. കൊല്ലം പെരുമ്പുഴ ഹരിശ്രീ റെസിഡൻസിയിലെ മാനേജർ അൽത്താഫിനാണ് വെട്ടേറ്റത്. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ക്യാബിനിലിരുന്ന് ജോലി നോക്കുകയായിരുന്നു അൽത്താഫ്. ഇതിനിടെ ബാറിൽ നിന്നും ഇറങ്ങിവന്ന മൂന്നംഗ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെയ്‌സൺ എന്ന ഗുണ്ട ദിവസങ്ങൾ മുൻപ് ബാറിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ ഇയാൾ പൊലീസ് പിടിയിലായി. ഇതിനുപിന്നിൽ അൽത്താഫെന്ന ജെയ്‌സണിന്റെ കൂട്ടാളികളുടെ സംശയമാണ് ആക്രമണത്തിന് കാരണമായത്. സംഭവദിവസം ഇവർ ഹോട്ടലിൽ ഒരു മുറി ചോദിച്ചിട്ട് അത് നൽകാനില്ലെന്ന് അൽത്താഫ് പറഞ്ഞതും ആക്രമണത്തിന് വഴിയൊരുക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



