ഷാഫിയുമായി സഹോദരബന്ധം മാത്രം; ഗുരുശിഷ്യബന്ധമല്ല, സൈബർ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ . തനിക്കെതിരെ സൈബർ ആക്രമണമുണ്ടായെന്നും അതിന് പിന്നിൽ രാഹുലാണെന്നും കഴിഞ്ഞദിവസം കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി ആരോപിച്ചിരുന്നു. രാഹുലിന്റെ പേര് പരാമർശിക്കാതെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്.

ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ പറഞ്ഞു. താൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. എന്നാൽ ഇഷ്ടമുള്ള ഒരാൾക്ക് പ്രതിസന്ധി നേരിടുമ്പോൾ അയാളെ പ്രതിരോധിച്ചത് താനാകും എന്നൊരു തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തനത്തിലെയോ വ്യക്തിജീവിതത്തിലെയോ പോസിറ്റീവ് വശമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിക്ക് അകത്തുള്ളവർക്കെതിരെയോ പുറത്തുള്ളവർക്കെതിരെയോ താൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ പറയും എന്നതിനപ്പുറം സൈബർ ആക്രമണത്തിനായി ആരെയും നിയോഗിക്കാറില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

സൈബർ അറ്റാക്ക് എന്ന വിഷയത്തിൽ താൻ അത്തരത്തിൽ വിശ്വസിക്കുന്നില്ലെന്നും അത് സോഷ്യൽ മീഡിയയിലെ പലരുടെയും അഭിപ്രായങ്ങൾ മാത്രമാണെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. അത്തരത്തിൽ വിമർശനങ്ങളെയാണ് സൈബർ ആക്രമണമെന്ന് വിളിക്കുന്നതെങ്കിൽ, തനിക്കെതിരെയും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും രാഹുൽ മറുപടി നൽകി. ഉമ്മൻ ചാണ്ടി തങ്ങളുടെ ജീവിതത്തിലെ വൈകാരിക ഭാഗമാണെന്നും, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറുപടി നൽകാനുള്ള വലിപ്പം തനിക്ക് അന്നുമില്ല, നാളെയുമില്ല, ഭാവിയിൽ അത് ആർജിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button