തിരുപ്പരങ്കുണ്ട്രം ദീപം തെളിയിച്ചില്ല; സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് തമിഴ്നാട് സർക്കാർ

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയിലെ വിവാദമായ ദീപത്തൂൺ സ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നൽകാത്തതാണ് ചടങ്ങ് നടത്താൻ കഴിയാതിരുന്നതിന് കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. സംഭവത്തിൽ സർക്കാരും മധുര ജില്ലാ കളക്ടറും കോടതിയോട് ക്ഷമാപണം രേഖപ്പെടുത്തി.
നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി നൽകിയ അനുമതിയുമായി ബന്ധപ്പെട്ട അനുസരണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ മാത്രമാണ് ദീപം തെളിച്ചത്.
എല്ലാ വർഷവും ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ നവംബർ 20-ന്, ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയും, ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ചടങ്ങ് നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ലാണെന്നും നിലവിലുള്ള ആചാരങ്ങൾ മാത്രം പിന്തുടരാനാണ് തീരുമാനമെന്നും ട്രസ്റ്റികൾ വ്യക്തമാക്കി. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഭരണസമിതി വഴങ്ങിയില്ലെന്ന് ജില്ലാ കളക്ടർ കൃഷ്ണ സത്യവാങ്മൂലത്തിൽ അറിയിച്ചു.
സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ദീപം തെളിയിക്കുന്നത് തടയാൻ ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയെന്നും ഹർജിക്കാരനായ രാമ രവികുമാർ ആരോപിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, ഇക്കാര്യത്തിൽ ഔദ്യോഗിക ഹർജി സമർപ്പിക്കാൻ നിർദേശിച്ചു. ഉടൻ ഹർജി നൽകുമെന്ന് മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ കോടതിയെ അറിയിച്ചു.
തിരുപ്പരങ്കുണ്ട്രം മലയിൽ കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. നവംബർ 23 വൈകിട്ട് ആറുമുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്കും പൊതുജനങ്ങൾക്കും മലകയറാൻ അനുമതി നൽകിയിട്ടില്ല. പഴനി ആണ്ടവർ ക്ഷേത്ര പ്രവേശന കവാടത്തിന് സമീപമുള്ള പാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് മാത്രമാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്.



