വിദ്യാർഥികൾക്ക് ആശ്വാസം; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്‍റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം ഉൾപ്പെടുന്ന രീതിയിലായിരിക്കും പുതിയ ടൈംടേബിൾ ക്രമീകരണം. പുസ്തകങ്ങൾ ദിവസവും ചുമക്കുന്നത് ഒഴിവാക്കാനായി രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ നൽകും. ഒരെണ്ണം വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ക്രമീകരണം. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. പുസ്തകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.



