യുവ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്‌ടർ പിടിയിൽ. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോക്‌ടര്‍ ബിനുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൗസ് സർജൻസി ചെയ്യുന്ന പിജി വിദ്യാർത്ഥിയായ ഡോക്‌ടറെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രോഗിയുടെ ചികിത്സാ വിവരം തേടി ഡോക്‌ടറുടെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം ഉപദ്രവിക്കാൻ ശ്രമിക്കുകയായുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് യുവ ഡോക്‌ടർക്കെതിരെ അതിക്രമമുണ്ടായത്. ഡോക്‌ടറുടെ ക്യാബിനില്‍ വച്ച് കടന്നുപിടിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. പിന്നാലെ വനിതാ ഡോക്‌ടർ നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹപ്രവർത്തകരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്‌തു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.



