ട്രെയിൻ ബാത്‌റൂമിലെ അധിക്ഷേപം സോഷ്യൽ മീഡിയയിലും; സ്ത്രീകളെ അപമാനിച്ചാൽ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രെയിനിന്റെ ബാത്‌റൂമുകളിൽ മോശമായ കാര്യങ്ങൾ എഴുതിയിരുന്നവർ തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപങ്ങൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെടുന്നത് തടയാനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതുയുഗ കാലത്തിന് അനുയോജ്യമായ പുതിയ വനിതാ നയരൂപീകരണത്തിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകം മുഴുവൻ അതിവേഗം പുരോഗമിക്കുമ്പോഴും പലരുടെയും ചിന്താഗതികൾ ഇനിയും മാറിയിട്ടില്ലെന്നും സമൂഹത്തിൽ ഇപ്പോഴും പലരും അമ്പത് വർഷം പിന്നിലാണെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള ഈ വനിതാ നയം യാതൊരു വിട്ടവീഴ്ചയും കൂടാതെ കേരളത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നു നിർമ്മാണ മേഖലകളിൽ പോലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുരുഷന്മാർക്കായി നിർമ്മിക്കുന്ന മരുന്നുകൾ തന്നെയാണ് പലപ്പോഴും സ്ത്രീകൾക്കും നൽകിവരുന്നത്. ആരോഗ്യരംഗത്തെ ഇത്തരം അസമത്വങ്ങളും പരിഹരിക്കും. സ്ത്രീകൾക്കായുള്ള പദ്ധതികളൊന്നും സംസ്ഥാനത്ത് മുടങ്ങില്ലെന്നും ഇതിനായി യാതൊരുവിധ സാമ്പത്തിക പ്രതിസന്ധികളും തടസ്സമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button