മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന! ബിൽ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ; എത്ര രൂപ കൂടും?

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബിൽ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ. മുൻ എം.എൽ.എമാരുടെ പെൻഷനും വർദ്ധിപ്പിച്ചു. പണച്ചെലവുള്ളതിനാൽ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എം.എൽ.എമാർക്ക് നിലവിൽ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും.
ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളുമായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയിൽ നിന്ന് 1.33 ലക്ഷമായി ഉയരും. മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.
മന്ത്രിമാരൂടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോൾ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്.മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് തുകകൾ 30 മുതൽ 35 ശതമാനം വരെ ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ശമ്പള, അലവൻസ് തുകകൾ പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും ബിൽ ഭേദഗതി ചെയ്യണം
സ്റ്റാഫിനും ശമ്പള വർദ്ധനഎം.എൽ.എമാരുടെ സ്റ്റാഫിനും ശമ്പള വർദ്ധനഅനുവദിക്കും. നിലവിൽ ഇരുപതിനായിരം ആയത് 25000 ആയി കൂടും. എം.എൽ.എമാരുടെ ഇന്ധന അലവൻസിലും വർദ്ധന വരുത്തും. ഇന്ധന വില വർദ്ധനവ് കൂടി പരിഗണിച്ചാണിത്. മന്ത്രിമാരുടെ ശമ്പള സ്കെയിലിൽ അടിസ്ഥാന ശമ്പളത്തിലും ഡി.എയിലും അടക്കം വർദ്ധന വരുത്തും.



