പാലക്കാട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ! ഞെട്ടിക്കുന്ന സംഭവത്തിൽ അന്വേഷണം ശക്തം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഉടൻ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
.ഒക്‌ടോബർ ആദ്യമാണ് കൊലപാതകം നടന്നത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മകളായ ജെനിഫർ ജൂലിയറ്റും (അഞ്ച്), മകൻ റോബിൻ ക്രിസ്റ്റഫറുമാണ് (മൂന്ന്) കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.
വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടിയിൽ മുക്കാൽഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്.കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അയൽവാസികളോട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞു. താൻ വീടിന് പുറത്ത് തേങ്ങ പൊതിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.
അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വതന്ത്രജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന പ്രതിയുടെ ആദ്യ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് കൊലപാതകത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടോ, കുട്ടികളെ കൊലപ്പെടുത്താൻ ഇയാൾ ഏതെങ്കിലും തരത്തിൽ നിവേദ്യയെ സഹായിച്ചിട്ടുണ്ടോ, അതോ കൊലപാതകം നടത്താൻ യുവതിയെ പ്രേരിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത് എന്നിവയാണ് പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ യുവാവിനെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.



