‘പാർട്ടിയിൽപ്പോലും വിലയില്ലേ?’ ഖാർഗെയുടെ പരാമർശം വിവാദത്തിൽ; കോൺഗ്രസിനുള്ളിൽ വിശ്വാസ്യതയെച്ചൊല്ലി ചർച്ചകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണെന്നും കോൺഗ്രസ് അധിക്ഷേപ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അമിത് ഷാ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
കഴിഞ്ഞ 12 വർഷമായി തുടർച്ചയായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിടുന്നതിനാൽ കോൺഗ്രസ് നിരാശയിലാണെന്നും വ്യക്തമായ വിഷയങ്ങൾ ഉയർത്താനില്ലാത്തതിനാൽ അധിക്ഷേപ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണെന്നും അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രിയെയും കുടുംബത്തെയും കോൺഗ്രസ് മുൻപും അധിക്ഷേപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പരാമർശങ്ങൾ, മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിച്ചത്, ‘ചായക്കടക്കാരൻ’ എന്ന് പറഞ്ഞ് ദാരിദ്ര്യത്തെ പരിഹസിച്ചത് തുടങ്ങിയ സംഭവങ്ങളും പരാമർശിച്ചു. കോൺഗ്രസിന് ജനങ്ങൾക്കിടയിൽ മാത്രമല്ല, സ്വന്തം പ്രവർത്തകർക്കിടയിലും വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഖാർഗെയുടെ വിവാദ പരാമർശമുണ്ടായത്. ഖാർഗെ പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ മോദിയെ അനുകൂലിച്ച് സംസാരിക്കുകയും, മോദി എവിടെയും പോകില്ലെന്ന് പറയുകയും ചെയ്തു. ഇതിന് മറുപടിയായി മോദിയുടെ അച്ഛനുവരെ പോകേണ്ടിവരുമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. തുടർന്ന് മോദിയെ അനുകൂലിച്ച് സംസാരിച്ചയാളെ വേദിയിൽനിന്ന് നീക്കം ചെയ്തു.
പ്രധാനമന്ത്രിക്കോ കുടുംബത്തിനോ എതിരായ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും തിരിച്ചടി ലഭിക്കുമെന്നും അമിത് ഷാ പ്രതികരിച്ചു. ഖാർഗെയുടെ പരാമർശത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം പുതിയ തലത്തിലേക്ക് നീങ്ങുമ്പോൾ, സംഭവത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണവും രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.



