എസ്എംഎ മരുന്ന് വിവാദത്തിൽ പുതിയ വഴിത്തിരിവ്! ആരോഗ്യമന്ത്രിയെ സന്ദർശിച്ച് നാറ്റ്കോ ഫാർമ പ്രതിനിധികൾ; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) മരുന്ന് വിവാദം തുടരുന്നതിനിടെ നാറ്റ്കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രി കെ മുരളീധരനെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് അഞ്ചിന് എസ്എടി ആശുപത്രി സൂപ്രണ്ടിനൊപ്പമാണ് കമ്പനി പ്രതിനിധികൾ മന്ത്രിയെ കണ്ടത്. ചിത്രങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. സിഎസ്ആർ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
എന്നെ ഓഫീസിൽ പലരും കാണാൻ വന്നിട്ടുണ്ടാകും. അതും തീരുമാനവുമായി യാതൊരു ബന്ധവുമില്ല. വാദിയും പ്രതിയും ഓഫീസിൽ വന്ന് എന്നെ കണ്ടെന്നിരിക്കും. പലരും ഡോക്യുമെന്റ് തരാറുണ്ട്. അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തരുന്നത് വാങ്ങാറുമുണ്ട്. അതെല്ലാം പരിശോധിച്ച് വിദഗ്ദ്ധരുമായി ചർച്ച ചെയ്യാതെ യാതൊരു തീരുമാനവും ആരോഗ്യവകുപ്പ് സ്വീകരിക്കില്ല. എസ്എംഎയുടെ കേസിൽ സർക്കാർ തീരുമാനം ശരിയാണ്. ഡോ. ഇക്ബാൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട് ആ തീരുമാനം ശരിയാണെന്ന്. സ്വാതന്ത്യം കിട്ടി ഇത്രയും വർഷമായിട്ടും ഇന്ത്യയിൽ ഇത്തരമൊരു രോഗം ചികിത്സിക്കാൻ മരുന്നില്ലെന്ന് പറയുന്നതല്ലേ നാണക്കേട്. മരുന്നിന്റെ ക്വാളിറ്റി എന്താണെന്ന് ആരോഗ്യമന്ത്രിക്ക് അറിയുമോ? അതിന് ഞാൻ ഡോക്ടറായിരിക്കണം. ഞാൻ മന്ത്രിയായിരിക്കുന്ന കാലം കേരളത്തിന്റെ ഒരു ഡാറ്റയും ചോരില്ല. അതിന് ഞാൻ നൂറുശതമാനം ഉറപ്പുതരാം – കെ മുരളീധരൻ പറഞ്ഞു.
അതേസമയം, നാറ്റ്കോ കമ്പനിയുടെ മരുന്ന് നൽകിയ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനായി യോഗം വിളിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫിസിഷ്യൻ സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്ന് പാക്കറ്റുകൾ നൽകിയതിൽ അന്വേഷണവും പ്രഖ്യാപിച്ചേക്കും.



