ഒരു കോടീശ്വരനാകുക എന്ന മോഹം സാധാരണക്കാരായ ഒട്ടുമിക്ക സാധാരണക്കാര്‍ക്കും ഉള്ളതാണ്. ഈ മോഹമാണ് പലരെയും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു പോലും പ്രേരിപ്പിക്കുന്നത്. എന്നാല്‍ കോടികള്‍ ലക്ഷ്യമിട്ട് നിങ്ങള്‍ ഇന്നു നടത്തുന്ന നിക്ഷേപങ്ങളുടെ ഭാവിയിലെ മൂല്യം അറിഞ്ഞാല്‍ നിങ്ങള്‍ തകര്‍ന്നുപോകുമെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു കോടി രൂപ എന്നത് ഇന്ന് നിങ്ങള്‍ക്കു ധാരാളം പണമായി തോന്നിയേക്കാം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം അത് അങ്ങനെ ആയിരിക്കില്ലെന്നു സാരം.
ഇവിടെ നിങ്ങളുടെ വില്ലന്‍ പണപ്പെരുപ്പമാണ്. നിക്ഷേപം നടത്തുമ്പോള്‍ പണപ്പെരുപ്പം കണക്കിലെടുക്കണമെന്നു വിദഗ്ധര്‍ പറയാനുള്ള കാരണവും ഇതുതന്നെ. എന്നാല്‍ നിങ്ങള്‍ നിക്ഷേപ സമയത്ത് ഇതിനെ പറ്റി ചിന്തിച്ചിരിക്കുക പോലുമില്ലെന്ന് ഉറപ്പാണ്. പണപ്പെരുപ്പം കാലക്രമേണ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇന്ന് 1 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഒരു വസ്തുവോ, സേവനമോ 15- 20 വര്‍ഷത്തിനു ലഭിക്കാന്‍ 2- 3 ലക്ഷം രൂപ ചെലവാകും. ഇതാണ് പണപ്പെരുപ്പം.
പണപ്പെരുപ്പം 5 ശതമാനമായി തുടരുന്ന പക്ഷം നിലവിലെ 1 കോടി രൂപയുടെ 2050 -ലെ മൂല്യം ഒന്നു കണക്കാക്കി നോക്കാം. നിക്ഷേപം വളര്‍ത്താന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡികള്‍), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പോലുള്ള സേവിംഗ്‌സ് സ്‌കീമുകള്‍ വഴിയാണ് ഇതു വിശദീകരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തെ പണപ്പെരുപ്പം 4- 6% ബാന്‍ഡിലാണ്. അടുത്ത 25 വര്‍ഷത്തേക്ക് ശരാശരി പണപ്പെരുപ്പ നിരക്ക് 5% ആയി പരിഗണിച്ചാണ് താഴെയുള്ള വിലയിരുത്തലുകള്‍.