‘ആദ്യം ഹിമാചലിനെ നന്നാക്കൂ, പിന്നെ ജനാധിപത്യം!’ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മൊഹാപത്ര

ജനാധിപത്യം സംരക്ഷിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിന് മറുപടിയായി കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗായിക സോന മൊഹാപത്ര. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വിമർശനം. ജനാധിപത്യം നന്നാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിലെ ഭരണവും പരിസ്ഥിതി പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് സോനയുടെ ആവശ്യം.

‘ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയും. ഈ സർക്കാരും പോകും. അതിനുശേഷം ജനാധിപത്യം നന്നാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും’ എന്ന രാഹുൽ ഗാന്ധിയുടെ സാമൂഹികമാധ്യമ കുറിപ്പാണ് വിമർശനത്തിന് കാരണമായത്. വീഡിയോ സഹിതം എക്സിൽ പങ്കുവെച്ച കുറിപ്പ് വീണ്ടും പങ്കുവെച്ചുകൊണ്ടാണ് സോന പ്രതികരിച്ചത്. ഒൻപത് വർഷത്തിനുശേഷം ഹിമാചൽ പ്രദേശ് സന്ദർശിച്ചപ്പോൾ അവിടത്തെ സാഹചര്യം കണ്ട് ഞെട്ടിയെന്നും മാലിന്യം നിറഞ്ഞ കുന്നുകളും മലിനീകരണം ബാധിച്ച നദികളുമാണ് കണ്ടതെന്നും അവർ പറഞ്ഞു.

‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ജനാധിപത്യം നന്നാക്കുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിനെ നന്നാക്കുന്നതിൽനിന്ന് തുടങ്ങിക്കൂടേ? കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ മികച്ച ഭരണത്തിന്റെ മാതൃകയാക്കൂ. ജനങ്ങളുടെ പിന്തുണ ആവശ്യപ്പെടുക മാത്രമല്ല, അത് നേടിയെടുക്കുകയും വേണം’ എന്നായിരുന്നു സോനയുടെ വിമർശനം. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നത്. പാർട്ടി പ്രചാരണങ്ങൾക്കും റാലികൾക്കും സംഘടനാ യോഗങ്ങൾക്കുമായി രാഹുൽ ഗാന്ധി പതിവായി സംസ്ഥാനം സന്ദർശിക്കാറുമുണ്ട്.

കർണാടകയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിനെയും സോന നേരത്തെ വിമർശിച്ചിരുന്നു. ഡൽഹിയിൽ പ്രതിഷേധിക്കാനുള്ള അവകാശത്തിനായി വാദിക്കുന്ന കോൺഗ്രസ് ബെംഗളൂരുവിൽ അതേ അവകാശം നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു ആരോപണം. എന്നാൽ, വിഷയം പരിശോധിക്കാമെന്ന് കർണാടക മുഖ്യമന്ത്രി

ഡി.കെ. ശിവകുമാർ അറിയിച്ചതിനെത്തുടർന്ന് സോന ആ കുറിപ്പ് നീക്കംചെയ്തു. ഡൽഹിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ആവശ്യപ്പെടുകയും ബെംഗളൂരുവിൽ അത് നിഷേധിക്കുകയും ചെയ്യില്ലെന്നും ഇരട്ടത്താപ്പുണ്ടാകില്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ജനാധിപത്യത്തെക്കുറിച്ചുള്ള രാഹുലിന്റെ നിലപാടിനൊപ്പം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവും ചർച്ചയാക്കുന്നതാണ് സോനയുടെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button