സാധാരണ ജയിലല്ല, ജുവനൈൽ ഹോമുമല്ല; സുഹൈലിനെ പാർപ്പിച്ച ബോസ്റ്റൽ സ്കൂൾ എന്താണ്? അറിയാം പ്രത്യേകതകൾ

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വലിയ ചർച്ചകളാണ് ഉയരുന്നത്. 19 വയസ്സുള്ള പ്രതിയെ സാധാരണ ജയിലിൽ പാർപ്പിക്കാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് എന്തുകൊണ്ടാണ്? ഇതൊരു ജുവനൈൽ ഹോമാണോ? ഇവിടെ ലഭിക്കുന്ന സൗകര്യങ്ങളും മറ്റ് ജയിലുകളിൽനിന്നുള്ള വ്യത്യാസങ്ങളും എന്തെല്ലാമാണ്?
എന്താണ് ബോസ്റ്റൽ സ്കൂൾ? ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ബോസ്റ്റൽ സ്കൂൾ സംവിധാനം ആരംഭിച്ചത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെ ജീവിതകാലം മുഴുവൻ കുറ്റവാളികളായി കാണാതെ അവരെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആശയത്തിൽനിന്നാണ് ബോസ്റ്റൽ സ്കൂളുകൾ രൂപംകൊണ്ടത്. സാധാരണ ജയിലുകളിലെ ശിക്ഷാരീതികളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം, തൊഴിൽപരിശീലനം, കായികപ്രവർത്തനങ്ങൾ, അച്ചടക്കപരിശീലനം, സാമൂഹിക പുനഃരധിവാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.
18 മുതൽ 21 വയസുവരെയുള്ള യുവ കുറ്റാരോപിതരെയും കുറ്റവാളികളെയും പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത തിരുത്തൽ-പുനഃരധിവാസ സ്ഥാപനമാണിത്. കേരളത്തിലെ ഏക ബോസ്റ്റൽ സ്കൂൾ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ്. ആറ് ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 16 സെല്ലുകളാണ് ഇവിടെയുള്ളത്.
ആകെ 66 അന്തേവാസികളെ പാർപ്പിക്കാനുള്ള ശേഷിയാണ് സ്ഥാപനത്തിനുള്ളത്. സാധാരണ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവരെ പാർപ്പിക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി യുവാക്കളെ തിരുത്തുന്നതിനും സാമൂഹികജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിക്കുന്നതിനുമുള്ള പരിശീലനത്തിനും മാർഗനിർദേശത്തിനും ഇവിടെ പ്രാധാന്യമുണ്ട്.
21 വയസിൽ താഴെയുള്ള യുവതടവുകാരെ സാധാരണ ജയിലുകളിൽ പാർപ്പിക്കുമ്പോൾ മറ്റ് വിഭാഗങ്ങളിലുള്ള തടവുകാരുമായുള്ള സഹവാസം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും യുവകുറ്റവാളികളെ കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് അകറ്റി സാമൂഹിക പുനഃരധിവാസത്തിന് അവസരമൊരുക്കുകയും ചെയ്യുകയെന്നതാണ് ബോസ്റ്റൽ സ്കൂളുകളുടെ പ്രധാന ലക്ഷ്യം.
സാധാരണ ജയിലുകളിലെ ശിക്ഷാരീതികളിൽനിന്ന് വ്യത്യസ്തമായി അന്തേവാസികളുടെ സ്വഭാവപരിഷ്കരണത്തിനും വ്യക്തിത്വവികസനത്തിനുമാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.എന്നാൽ, ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചു എന്നതുകൊണ്ട് പ്രതിക്ക് കുറ്റവിമുക്തി ലഭിക്കുകയോ ശിക്ഷയിൽ ഇളവ് ഉറപ്പാകുകയോ ചെയ്യുന്നില്ല.
കേസ് അന്വേഷിക്കുന്നതും കുറ്റം തെളിയിക്കുന്നതും ശിക്ഷ വിധിക്കുന്നതും സാധാരണ നിയമനടപടികൾ പ്രകാരമാണ്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജുവനൈൽ ഹോമുകളിൽ നിന്ന് ബോസ്റ്റൽ സ്കൂൾ വ്യത്യസ്തമാണ്.



