മാസപ്പടി കേസിൽ പിണറായി വിജയന് സർക്കാർ കവചം? ‘കേസെടുക്കാൻ മതിയായ തെളിവുകളില്ല’!

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പിണറായി വിജയനെതിരെ കേസെടുക്കാൻ തക്കവിധം മതിയായ തെളിവുകൾ നിലവിലില്ലായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഏതാനും ഡയറി രേഖകൾ മാത്രമാണ് ഉയർന്നുവന്നതെന്നും, അതിനാലാണ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ തന്നെയാണ് സർക്കാർ ഇപ്പോഴുമുള്ളതെന്നും, ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ വ്യക്തിയല്ലെന്നും സർക്കാർ ആരോപിച്ചു.
അതേസമയം, സിംഗിൾ ബെഞ്ചിന്റെ വിധിയില്ലെങ്കിൽ പോലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് എഫ്.ഐ.ആർ ഇട്ടുകൂടാ എന്ന് ഹൈക്കോടതി വീണ്ടും ചോദ്യമുയർത്തി. ഇ.ഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണമാണ് ആവശ്യമായിരുന്നുവെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ പിണറായി വിജയൻ അടക്കമുള്ള പ്രതികളുടെ ഹർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാകുമെന്നും ഇ.ഡി ചോദിച്ചു.
അതിനിടെ, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ സർക്കാർ നിയോഗിക്കും. ഇ.ഡി റിപ്പോർട്ട് പ്രകാരം രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമ്പത്തിക ആരോപണങ്ങളായതിനാലാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത്. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എന്നാൽ വിജിലൻസിലെ പ്രധാനപ്പെട്ട മൂന്ന് എസ്.പി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ആഭ്യന്തര വകുപ്പ് പുതിയ എസ്.പിമാരെ നിയമിക്കുന്ന മുറയ്ക്കാവും എസ്.ഐ.ടി രൂപീകരണത്തിൽ അന്തിമ ഉത്തരവിറങ്ങുക.



