മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് വഴിയൊരുക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയെ സമീപിച്ച് പിണറായി വിജയൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

നിലവിൽ കേസിൽ കക്ഷിയല്ലാത്തതിനാൽ നേരിട്ട് ഹർജി നൽകാൻ പിണറായി വിജയന് കഴിയില്ല. അതിനാൽ കേസിലെ നടപടികളിൽ ഇടപെടാൻ അനുമതി തേടിയുള്ള ലീവ് പെറ്റിഷനാണ് ആദ്യം സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി നിലനിൽക്കുമോയെന്ന കാര്യത്തിലായിരിക്കും ആദ്യഘട്ടത്തിൽ വാദം നടക്കുക.

വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെയല്ല, കേസെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാസപ്പടി–ഹവാല ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയായും മകൾ വീണ വിജയനെ രണ്ടാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണുള്ളത്. ഈ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതിയും വീണ വിജയൻ രണ്ടാം പ്രതിയുമെന്നാണ് എഫ്ഐആറിൽ പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസുകളുടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും ഇന്ന് രൂപീകരിക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button