12 രൂപയുടെ ഹാഫ് ടിക്കറ്റിൽ നിന്ന് വജ്രസാമ്രാജ്യത്തിലേക്ക്; സവ്ജിഭായ് ധോലാകിയയുടെ ജീവിതം പകരുന്ന പാഠങ്ങൾ

Savji Dholakia (1977-ലെ ഒരു ചുട്ടുപൊള്ളുന്ന ഉച്ചവെയിൽ. ഗുജറാത്തിലെ ദുധാല എന്ന കുഗ്രാമത്തിലെ വരണ്ട മണ്ണിൽ നിന്ന് സൂറത്തിലേക്കുള്ള തീവണ്ടി കയറുമ്പോൾ ആ പന്ത്രണ്ടുകാരന്റെ കീശയിലുണ്ടായിരുന്നത് അച്ഛനമ്മമാർ കരുതിവെച്ച വെറും 12 രൂപയുടെ ഒരു ഹാഫ് ടിക്കറ്റ് മാത്രമായിരുന്നു. നാലാം ക്ലാസിൽ പഠിപ്പ് നിർത്തിയ ആ കുട്ടിയോട് യാത്രയയക്കുമ്പോൾ അമ്മ മനസ്സിലേക്ക് കോരിയിട്ട ചില വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. ഗ്രാമത്തിൽ കിടന്ന് ഒടുങ്ങിപ്പോവരുത്, നഗരത്തിൽ പോയി പണിയെടുക്കണം, പണക്കാരനാവണം, അതിലുമപ്പുറം ആരും കൊതിക്കുന്ന നല്ലൊരു പേര് നാടെങ്ങും ഉണ്ടാക്കണം.

സൂറത്തിലെ അമ്മായിയുടെ കൊച്ചുവീട്ടിലായിരുന്നു അഭയം. നഗരത്തിൽ അന്ന് തഴച്ചുവളർന്നിരുന്ന ഡയമണ്ട് കട്ടിങ്-പോളിഷിങ് വ്യവസായത്തിലെ ഒരു കൊച്ചു കളരിയിലാണ് ആദ്യമായി ജോലിക്കാരനായി കയറുന്നത്. പോളിഷിങ് വീലിൽ വെച്ച് വജ്രക്കല്ല് തിരിക്കുമ്പോൾ വിരലുകൾ ഉരഞ്ഞുപൊട്ടി ചോര കിനിയുമായിരുന്നു. കണ്ണുചിമ്മാതെ, സൂക്ഷ്മദർശിനി പോലെയുള്ള ഐ-ലൂപ്പിലൂടെ മൂവായിരം തവണയെങ്കിലും ആവർത്തിച്ചു

നോക്കി പരിശോധിച്ചാലേ ഒരു പരുക്കൻ കല്ലിൽ പ്രകാശം വിരിയൂ. രാപ്പകൽ പണിയെടുത്ത അദ്ദേഹത്തിന് ആദ്യ മാസം കൈയിൽ കിട്ടിയ കൂലി വെറും 179 രൂപയായിരുന്നു. അതിൽ 140 രൂപ ഭക്ഷണത്തിനും താമസത്തിനുമായി കൊടുത്തു കഴിഞ്ഞാൽ കൈയിൽ മിച്ചം വെറും 39 രൂപ. ഇരുപത്തഞ്ച് പൈസയുടെ ഉണങ്ങിയ ഖമൻ തിന്ന് വിശപ്പടക്കി, ഇരുപത് കിലോമീറ്ററോളം കാൽനടയായി നടന്ന് ഗാന്ധിബാഗിൽ പോയി പത്ത് പൈസയുടെ കടല വാങ്ങി കഴിച്ച് ആ നാളുകൾ തള്ളിനീക്കി.

അവിടെവെച്ചാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ആദ്യത്തെ തീപ്പൊരി വീഴുന്നത്. താൻ പണിയെടുക്കുന്ന അതേ പോളിഷിങ് ബെഞ്ചിൽ തൊട്ടടുത്തിരുന്ന് ഡയമണ്ട് മിനുക്കുന്ന സ്വന്തം സുഹൃത്ത് മാസാവസാനം 1,500 രൂപ എണ്ണിവാങ്ങുന്നത് അദ്ദേഹം കണ്ടു. 179 രൂപയുടെ സ്ഥാനത്ത് 1,500 രൂപ. ആ കാഴ്ച അദ്ദേഹത്തെ തളർത്തിയില്ല, പകരം ഉള്ളിലെ അഭിമാനത്തെയാണ് തൊട്ടുണർത്തിയത്.

അദ്ദേഹം സ്വയം ചോദിച്ചു, അവനും മനുഷ്യനാണ്, ഞാനും മനുഷ്യനാണ്, രക്തവും മാംസവുമുള്ള മറ്റൊരുത്തന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ. ആ ചോദ്യം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. കൂട്ടുകാരന്റെ ഓരോ കൈയനക്കവും കണ്ണെടുക്കാതെ നോക്കിവെച്ചു. ജോലി സമയം കഴിഞ്ഞും കൂടുതൽ പണിയെടുത്ത് കൈത്തഴക്കം വരുത്തി. വെറും മൂന്നുനാല് മാസങ്ങൾക്കുള്ളിൽ സ്വന്തം പ്രയത്നത്തിന്റെ മൂർച്ച കൂട്ടി അദ്ദേഹം തന്റെ മാസവരുമാനം 1,500 കടന്ന് 1,600 രൂപയാക്കി ഉയർത്തി. അസാധ്യമെന്ന് മറ്റുള്ളവർ കരുതിയതിനെ സ്വന്തം വിയർപ്പുകൊണ്ട് അദ്ദേഹം തിരുത്തിക്കുറിച്ചു.

അവിടെയും നിന്നില്ല. അച്ഛൻ നാട്ടിൽനിന്ന് വിശ്വസിച്ച് അയച്ചുകൊടുത്ത കുറച്ചു പണം വെച്ച് അദ്ദേഹം പ്രഭുദാസ് മാലവ്യയുമായി ചേർന്ന് സ്വന്തം അധ്വാനത്തിന്റെ പുതിയൊരു വിത്തുപാകി. കല്ല് മിനുക്കാനും, റഫ് ഡയമണ്ട് വാങ്ങാനും, അത് വിൽക്കാനുമുള്ള ഓരോ സൂക്ഷ്മതയും സ്വന്തം ചോരനീരാക്കി പഠിച്ചെടുത്തു. ഡ്രെയിനേജിൽ വീണുപോകുന്ന വജ്രത്തരികൾ അരിച്ചുപെറുക്കുന്ന ചാലുകളിൽ നിന്നുപോലും റഫ് കല്ലുകൾ വാങ്ങി അദ്ദേഹം പരീക്ഷിച്ചു.

1987-ൽ ഇംഗ്ലീഷ് അക്ഷരം പോലുമറിയാതെ ഇസ്രായേലിലും ബെൽജിയത്തിലും ഡയമണ്ട് വാങ്ങാൻ പോയപ്പോൾ കഠിനമായ തണുപ്പിൽ ഷൂവിനുള്ളിൽ കാൽവിരലുകൾ പൊട്ടിപ്പഴുത്തു, ഹോട്ടലിലെ ബാത്ത്റൂമിൽ ചൂടുവെള്ളത്തിന്റെ ടാപ്പ് തിരിക്കാൻ പോലുമറിയാതെ വിറച്ചുനിന്നു. പക്ഷേ അദ്ദേഹം തോറ്റുകൊടുത്തില്ല. കച്ചവടത്തിലെ ഏറ്റവും വലിയ ആയുധം ചതിയും വഞ്ചനയുമല്ല, സമ്പൂർണ്ണ സത്യസന്ധതയാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. എനിക്ക് പത്തു ശതമാനം ന്യായമായ ലാഭം കിട്ടിയാൽ മതി, വിൽക്കുന്നവനും വാങ്ങുന്നവനും പണിയെടുക്കുന്നവനും ഒരു രൂപ പോലും നഷ്ടം വരരുത് എന്ന അദ്ദേഹത്തിന്റെ ധർമ്മം ഗുജറാത്തിലെ ഏറ്റവും വലിയ വിശ്വാസമായി വളർന്നു.

ഇവിടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സവിശേഷത നാം കാണുന്നത്. ഒരു കാര്യം സ്വന്തമാക്കുന്നതിന് മുൻപേ, അത് ഇതിനകം തനിക്ക് കൈവന്നുകഴിഞ്ഞു എന്ന് മനസ്സിൽ പൂർണ്ണമായി ഉറപ്പിച്ചു വിശ്വസിക്കുന്ന മനസ്സിന്റെ ശക്തി അദ്ദേഹം തന്റെ പതിനെട്ടാം വയസ്സു മുതൽ അറിയാതെ തന്നെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ടായിരുന്നു.

അതിന്റെ തുടർച്ചയായി 2002-ൽ അദ്ദേഹം തന്റെ ഡയറിയിൽ പടിപടിയായ വിജയത്തിന്റെ ലക്ഷ്യങ്ങൾ യാതൊരു സംശയവുമില്ലാതെ അക്കമിട്ട് കുറിച്ചുവെച്ചു. ആദ്യത്തെ 5 വർഷം കൊണ്ട് സൂറത്ത് നഗരത്തിലെ നമ്പർ വൺ ആവുക, 10 വർഷം കൊണ്ട് ഇന്ത്യയിലെ നമ്പർ വൺ ആവുക, 15 വർഷം കൊണ്ട് ഡയമണ്ട് ഇൻഡസ്ട്രിയിൽ നമ്പർ വൺ ആവുക, 25 വർഷം തികയുന്ന 2027 ആകുമ്പോഴേക്കും ബിസിനസ്സിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലോകത്തെ ഒന്നാം നമ്പർ ശക്തിയായി ഹരികൃഷ്ണ എക്സ്പോർട്ട്സ് മാറുക.

വർഷങ്ങൾക്ക് ശേഷം, മനസ്സിൽ ഉറച്ചുവിശ്വസിച്ചാൽ ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാകും എന്ന് പറയുന്ന ആകർഷണ നിയമത്തെ ആസ്പദമാക്കി ദി സീക്രട്ട് എന്ന വീഡിയോ ചിത്രം ഇറങ്ങിയപ്പോൾ, ഇംഗ്ലീഷ് വല്യ ജ്ഞാനം ഇല്ലാത്ത കൊണ്ട് പൂർണമായി മനസ്സിലാവൻ അദ്ദേഹം അത് തുടർച്ചയായി കണ്ടത് 17 തവണയാണ്. അത് കണ്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടത് പുതിയൊരു അറിവ് കിട്ടിയതുകൊണ്ടല്ല, മറിച്ച് താൻ സ്വന്തം ജീവിതത്തിൽ വർഷങ്ങളായി അനുഭവിച്ചറിഞ്ഞ സത്യങ്ങൾ തന്നെയാണ് ആ സിനിമയും പറയുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. താൻ സഞ്ചരിച്ച വഴി ശരിയാണെന്ന് ആ ആശയം അദ്ദേഹത്തിന് ഒന്നുകൂടി ഉറപ്പുനൽകി.

1992-ൽ സ്വന്തം സഹോദരന്മാരെയും ഒപ്പം ചേർത്ത് വെറും 10 അടി നീളവും 10 അടി വീതിയുമുള്ള ഒരു കൊച്ചു മുറിയിലാണ് അദ്ദേഹം ഹരികൃഷ്ണ എക്സ്പോർട്ട്സ് സ്ഥാപിക്കുന്നത്. അന്ന് ആ സ്വപ്നങ്ങൾ കണ്ട് പലരും പരിഹസിച്ചു ചിരിച്ചെങ്കിലും, താൻ മനസ്സിൽ വരച്ചുവെച്ച ആ വഴിയിലൂടെ തന്നെ അവർ നടന്നു കയറി. ഇന്ന് ലോകത്തെ തൊണ്ണൂറ് ശതമാനം വജ്രങ്ങളും മിനുക്കിയെടുക്കുന്ന സൂറത്തിന്റെ നെഞ്ചിൽ, 50 ഏക്കറിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഫാക്ടറികളോടെ, പതിനയ്യായിരത്തിലധികം മനുഷ്യർ ജോലി ചെയ്യുന്ന, പ്രതിവർഷം ₹15,000 കോടിയിലധികം രൂപയുടെ വജ്രങ്ങൾ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്ന സാക്ഷാൽ ഡയമണ്ട് സാമ്രാജ്യമാണ് ഹരികൃഷ്ണ എക്സ്പോർട്ട്സ്.

പക്ഷേ, ഈ സാമ്രാജ്യത്തിന്റെ അധിപനായ സവ്ജിഭായ് ധോലാകിയയെ ലോകം ഹൃദയത്തോട് ചേർത്തുവെച്ചത് അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് കണ്ടിട്ടല്ല. തൊഴിലാളികളെ അടിമകളായല്ല, ദൈവത്തിന്റെ പ്രതിരൂപങ്ങളായി കണ്ട ഒരൊറ്റ ബോസ്സ് എന്ന നിലയ്ക്കാണ്. 1995-ൽ മൂന്ന് മാരുതി കാറുകൾ സ്വന്തം ജീവനക്കാർക്ക് നൽകി തുടങ്ങിയ ആ സമ്മാനക്കഥ, 491 പുതിയ കാറുകൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിരത്തിയിട്ട് ഒരൊറ്റ ദിവസം തൊഴിലാളികൾക്ക് സമ്മാനിച്ച വിസ്മയമായി ലോക മാധ്യമങ്ങളിൽ പടർന്നുപിടിച്ചു. ഇതുവരെ നാലായിരത്തിലധികം മനുഷ്യർക്കാണ് അദ്ദേഹം കാറുകളും ഫ്ലാറ്റുകളും സമ്മാനിച്ചത്.

വീടുള്ളവന് കാറ്, കാറുള്ളവന്റെ ഭാര്യക്ക് സ്വർണ്ണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. കമ്പനിയിലെ ജീവനക്കാർക്ക് ഫാക്ടറിയിൽ സൗജന്യമായി ഉച്ചഭക്ഷണം വിളമ്പുമ്പോൾ അദ്ദേഹം ഒരൊറ്റ കാര്യമേ ചിന്തിച്ചുള്ളൂ. കമ്പനിയുടെ അന്നം വയറ്റിലെത്തുന്ന തൊഴിലാളി ഒരിക്കലും ഈ പ്രസ്ഥാനത്തെ ചതിക്കില്ല, അവന്റെ വിശപ്പടങ്ങിയാൽ അവന്റെ മനസ്സടങ്ങും, മനസ്സടങ്ങിയാൽ ജോലിയിൽ ദൈവികത വരും. ജീവനക്കാരുടെ മാതാപിതാക്കളെയും ഭാര്യാപിതാവിനെയും മാതാവിനെയും കമ്പനി ചെലവിൽ 15 ദിവസത്തെ ഹരിദ്വാർ യാത്രയ്ക്ക് കൊണ്ടുപോയി, അവരുടെ കാലുകഴുകി നമസ്കരിക്കുമ്പോൾ ആ കണ്ണുകളിൽ നിന്ന് അടർന്നുവീഴുന്ന ആനന്ദക്കണ്ണീരാണ് തന്റെ യഥാർത്ഥ സമ്പാദ്യമെന്ന് അദ്ദേഹം പറയുന്നു.

നാല് സഹോദരന്മാരും അവരുടെ അടുത്ത തലമുറയും അടങ്ങുന്ന 64 അംഗ കൂട്ടുകുടുംബം ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ, സ്വത്ത് ഭാഗം വെക്കാതെ ഇന്നും സ്നേഹത്തോടെ കഴിയുന്നു. എന്നാൽ തന്റെ മക്കൾ കോടീശ്വരന്റെ ധാർഷ്ട്യം തലയിൽ ചുമന്ന് അഹങ്കാരികളാവാതിരിക്കാൻ അദ്ദേഹം നടപ്പിലാക്കിയ ഒരു പാരമ്പര്യമുണ്ട്. ബിസിനസ്സിലേക്ക് കടക്കുന്നതിന് മുൻപ് ഏതൊരു മകനും ഒരു മാസം കയ്യിൽ മൊബൈൽ ഫോണോ, പണമോ, സ്വന്തം വിലാസമോ ഇല്ലാതെ അപരിചിതമായ ഒരിടത്ത് പോയി സാധാരണ ജോലികൾ ചെയ്ത് പട്ടിണികിടന്ന് ജീവിച്ചു കാണിക്കണം.

തന്റെ മകൻ ഹിതിനെ സിക്കിമിലെ മലയോരങ്ങളിലേക്ക് അയച്ച സംഭവം ഇതിനൊരു വലിയ ഉദാഹരണമാണ്. കൈയിൽ ചില്ലിക്കാശില്ലാതെ, ആഡംബരങ്ങളൊന്നുമില്ലാതെ എത്തിയ ആ ശതകോടീശ്വരപുത്രൻ തിരിച്ചറിയൽ കാർഡില്ലാത്തതിന്റെ പേരിൽ തീവ്രവാദിയെന്ന് സംശയിക്കപ്പെട്ട് മക്ഡൊണാൾഡ് ജീവനക്കാരാൽ തടഞ്ഞുവെക്കപ്പെട്ടു. അർദ്ധരാത്രി പോലീസ് പിടിച്ചുകൊണ്ടുപോയി കരണത്തടിച്ച രാത്രിയിൽ, കരഞ്ഞുകൊണ്ട് വിളിച്ച മകനോട് തോറ്റോടരുതെന്നും ക്ഷമയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് രാവിലെ ആ മകൻ തീരുമാനമെടുത്തു, ഇതിൽക്കൂടുതൽ മോശമായി ഇനി ഒന്നും സംഭവിക്കാനില്ല, ഞാൻ ഇവിടെനിന്ന് തന്നെ പൊരുതി ജീവിക്കും. അടുത്ത ഒരു മാസം കൊണ്ട് വിവിധ സാധാരണ ജോലികൾ ചെയ്ത്, സ്വന്തം ചെലവുകൾ കഴിഞ്ഞ് 18,000 രൂപ സമ്പാദിച്ചാണ് ആ മകൻ തിരിച്ചുവന്നത്. എന്റെ മക്കൾക്ക് നൽകേണ്ടത് പണമല്ല, സാധാരണക്കാരന്റെ വിയർപ്പിന്റെയും വിശപ്പിന്റെയും അനുഭവപാഠമാണ് എന്നായിരുന്നു ആ അച്ഛന്റെ പക്ഷം.

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ കമ്പനി തളർന്നപ്പോൾ സ്വന്തം നാടായ സൗരാഷ്ട്രയിലേക്ക് മടങ്ങിയ അദ്ദേഹം കണ്ടത് വരൾച്ചയിൽ ഉപ്പുവെള്ളം കുടിച്ച് പല്ലും എല്ലും പൊടിഞ്ഞുപോയ പാവം കർഷകരെയാണ്. സ്വന്തം പോക്കറ്റിൽ നിന്ന് പണമിറക്കി 175-ലധികം വലിയ തടാകങ്ങളും ചെക്ക് ഡാമുകളും വെട്ടിത്തുറന്ന് ലക്ഷക്കണക്കിന് ഏക്കർ വരണ്ട ഭൂമിയെ അദ്ദേഹം പച്ചപ്പണിയിച്ചു. ആ നിസ്വാർത്ഥ സേവനത്തിന് മുന്നിൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

ഞങ്ങൾ വജ്രമല്ല ഉണ്ടാക്കുന്നത്, മനുഷ്യരെയാണ് ഉണ്ടാക്കുന്നത്, വജ്രം എന്നത് ഞങ്ങൾ ചെയ്യുന്ന നന്മയുടെ ഒരു ബൈ-പ്രോഡക്റ്റ് മാത്രമാണ് എന്ന് പറയുന്ന ആ മനുഷ്യന്റെ മേശപ്പുറത്ത് ഇന്നും അഞ്ചു വാചകങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്.

ഞാൻ ഏറ്റവും മികച്ചവനാണ്.
എനിക്കിത് ചെയ്യാൻ സാധിക്കും.
ഈശ്വരൻ എപ്പോഴും എന്നോടൊപ്പമുണ്ട്.
ഞാൻ വിജയിയാണ്.
ഇന്ന് എന്റെ പുതിയൊരു ദിവസമാണ്.

നിങ്ങൾ ഇന്ന് നിൽക്കുന്നത് എവിടെയുമാകട്ടെ, കൈയിൽ ചില്ലിക്കാശില്ലാത്ത ഒരു വട്ടപ്പൂജ്യത്തിലാകട്ടെ, ഓർക്കുക, പോക്കറ്റിലെ ശൂന്യതയല്ല, മനസ്സിലെ തീപ്പൊരിയാണ് നിങ്ങളുടെ വിധി നിശ്ചയിക്കുന്നത്. ഒരു മനുഷ്യന് സാധ്യമായത് ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും സാധ്യമാണ്. ആഗ്രഹിച്ച ലക്ഷ്യത്തിൽ നിന്ന് കണ്ണെടുക്കാതെ പൊരുതുക, കൊടുക്കാൻ മനസ്സുള്ളവന് കാലം പലമടങ്ങ് തിരികെ നൽകും. തീർച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button