എട്ടുമണിക്കൂർ നീണ്ട കസ്റ്റഡി; പിണറായി വിജയനെ വിട്ടയച്ചു

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പിയും ഇടത് സംഘടനകളും ആഹ്വാനം ചെയ്ത സമരത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കസ്റ്റിഡിയിലെടുത്ത മുൻമുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായി വിജയനെ വിട്ടയച്ചത്. രാവിലെ 10.30ന് കസ്റ്റഡിയിലെടുത്ത പിണറായിയെ ഏകദേശം എട്ടുമണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചിരിക്കുന്നത്.
രാവിലെ ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, മുൻമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നരമണിക്കൂറോളം ഇവരെ നഗരം ചുറ്റിച്ച ശേഷം പിന്നീട് മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കസ്റ്റഡിയിലുള്ള 81 വയസുള്ള പിണറായിക്ക് ഭക്ഷണവും മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.



