എ.കെ.ജി സെന്റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്; നാളെ സർവേ

തിരുവനന്തപുരം: സി.പി.എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫിസായിരുന്ന എ.കെ.ജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെ 10 മണിക്ക് ഭൂമിയുടെ സർവേ നടത്തും. ഇതിനായി തിരുവനന്തപുരം തഹസിൽദാർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി.

ഭൂമി കൈയേറിയെന്ന ആരോപണവുമായി ആർ. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്.

സർവേ നടപടികളിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസ് നൽകിയിട്ടുണ്ട്. സർവേ പൂർത്തിയാക്കിയ ശേഷം ഭൂമിയുടെ അളവ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് തഹസിൽദാർ ഹൈക്കോടതിയിൽ സമർപ്പിക്കും.

1970ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി കേരള സർവകലാശാലയുടെ അധീനതയിലുണ്ടായിരുന്ന ഭൂമി വിട്ടുനൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഗവേഷണ സ്ഥാപനത്തിനായി അനുവദിച്ച പൊതുഭൂമി പിന്നീട് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായി ഉപയോഗിച്ചെന്നും ഇതിനോട് ചേർന്ന പുറമ്പോക്ക് ഭൂമി ഉൾപ്പെടെ കൈയേറിയെന്നുമാണ് ആർ. ശശികുമാറിന്റെ ആരോപണം.

ഈ ആരോപണങ്ങൾ സർവേയിലൂടെ പരിശോധിച്ച് ഭൂമിയുടെ യഥാർഥ സ്ഥിതി കണ്ടെത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. സർവേ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും വിഷയത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button