‘മേയർ കെയർ പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതി’; ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ലെന്ന് ആരോപണം

തിരുവനന്തപുരം: ബിജെപിയുടെ കോർപറേഷൻ ഭരണത്തിൽ തിരുവനന്തപുരം ജനങ്ങൾ പെരുവഴിയിലാണെന്ന് കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ. കൗൺസിലർ സുഗതൻ ജയിലിലാണ്, കൗൺസിലർ ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലാണ്. എന്തൊക്കെയാണ് ഈ കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആറുമാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും ശബരീനാഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ല. ആഭ്യന്തര കലാപമാണ് ഇതിന് കാരണം. മേയർ കെയർ അടക്കം പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതിയാണ്. നിലപാട് എടുക്കേണ്ടത് ശ്രീലേഖയാണ്. അവർ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ല. ബിജെപിക്ക് ഒരു സംസ്ഥാന അദ്ധ്യക്ഷനുണ്ടോ? ജനം കാണുന്നത് ഞായറാഴ്ച ജിമ്മിൽ പോകുന്ന ഫോട്ടോ മാത്രമാണ്’- ശബരീനാഥൻ പറഞ്ഞു.
നഗരസഭാ കൗൺസിലർ സ്ഥാനം രാജിവച്ചതായി വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു ആർ ശ്രീലേഖ. തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30ന് രാജിക്കത്ത് നൽകിയതായാണ് വിവരം. ജില്ലാ കളക്ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം.
എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങുകയും ചെയ്തു. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി



