തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം ബോളീവുഡിലേക്ക് ചുവട് മാറ്റിയത്. ബോളീവുഡില്‍ ഗ്ലാമര്‍ റോളുകളില്‍ സജീവമായതിനിടെയാണ് നടന്‍ വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലായത്. ചില പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പടര്‍ന്നത്. വൈകാതെ വിജയും തമന്നയും പ്രണയം സ്ഥിരീകരിക്കുകയും ചെയ്തു.
ഈ വര്‍ഷം ഇരുവരും വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും ആരാധകരെ സംബന്ധിച്ച് ഒട്ടും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പിങ്ക്‌വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും പ്രണയബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇരുവരും ബന്ധം അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് വേര്‍പിരിയലിലേക്ക് എത്തിച്ചതെന്നും സൂചനകളുണ്ട്.എന്നാല്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ഇരുവരും തമ്മില്‍ വ്യക്തിപരമായി ഒരു പ്രശ്‌നങ്ങളും ഇല്ല. തുടര്‍ന്നും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം നിലനിര്‍ത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ലസ്റ്റ് സ്റ്റോറീസ് 2 എന്ന വെബ് സീരീസില്‍ ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധമാണ് ഇരുവരും ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വേര്‍പിരിയല്‍ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രണ്ട് പേരും ഷൂട്ടിംഗ് സംബന്ധിച്ച തിരക്കുകളിലാണെന്നാണ് റിപ്പോര്‍ട്ട്.